റോം: ലോകകപ്പില് അര്ജന്റീനയുടെ ഏഞ്ചല് ഡി മരിയ ഫിറ്റ്നസ് പൂര്ണമായി വീണ്ടെടുത്ത് മത്സരത്തിനിറങ്ങുന്നു. കഴിഞ്ഞ ദിവസം ഇന്റര്മിലാനെതിരായ മത്സരത്തില് യുവന്റസ് താരമായ ഡിമരിയ അവസാന മിനുറ്റുകളില് കളിച്ചിരുന്നു. ഒക്ടോബര് ആദ്യവാരമാണ് മക്കാബിക്കെതിരായ യുവന്റസിന്റെ മത്സരത്തിനിടെ ഡി മരിയ തുടയില് പരിക്കേറ്റ് മടങ്ങിയത്. തുടര്ന്ന് സീരി എയില് യുവന്റസിന്റെ അഞ്ച് മത്സരങ്ങള് ഡി മരിയക്ക് നഷ്ടമായിരുന്നു.
ഈ സീസണിലാണ് ഫ്രഞ്ച് വമ്ബന്മാരായ പിഎസ്ജിയില് ഡിമരിയ യുവന്റസിലെത്തിയത്. പിഎസ്ജിയ്ക്കൊപ്പം ഏഴ് സീസണുകളില് കളിച്ച ശേഷമാണ് ഡി മരിയ ക്ലബ്ബ് വിട്ടത്. ടീമിനായി 295 മത്സരങ്ങളില് ബൂട്ടുകെട്ടിയ താരം 92 ഗോളുകളും സ്വന്തമാക്കി. മാഞ്ചെസ്റ്റര് യുണൈറ്റഡ്, റയല് മഡ്രിഡ് തുടങ്ങിയ വമ്ബന് ക്ലബ്ബുകള്ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് 34കാരനായ ഡി മരിയ. കഴിഞ്ഞ വര്ഷം അര്ജന്റീന കോപ്പ അമേരിക്ക നേടുമ്ബോള് ഫൈനലില് വിജയഗോള് നേടിയത് ഡിമരിയയായിരുന്നു. അടുത്തയാഴ്ച ലോകകപ്പിനുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിക്കും. 14നാണ് ലോകകപ്പ് ടീമുകളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകകപ്പില് മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് അര്ജന്റീന. 22ന് സൗദി അറേബ്യക്കെതിരെ ആണ് അര്ജന്റീനയുടെ ആദ്യ മത്സരം.

