‘ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍’; കൈരളിയോടും മീഡിയാ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവര്‍ണര്‍

കൊച്ചി: കൈരളി, മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷണിച്ചു വരുത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ കൊച്ചിയില്‍ ഇറക്കി വിട്ടത്. സര്‍വകലാശാല വിഷയത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ രണ്ട് ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുപോകണമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

അതേസമയം, രാജ്ഭവന്‍ തയ്യാറാക്കിയ മാധ്യമങ്ങളുടെ പട്ടികയില്‍ പതിനൊന്നാമതായി കൈരളിയുടെയും പതിനാലാമതായി മീഡിയ വണ്ണിന്റെയും പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഓഫീസില്‍ നിന്ന് ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ഈ രണ്ട് മാധ്യമങ്ങളോട് സംസാരിക്കില്ലെന്നുമുള്ള നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടെങ്കില്‍ ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. മാധ്യമങ്ങളെ പുറത്താക്കിയ നടപടി അസഹിഷ്ണുത അല്ലേയെന്ന ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ മറുപടി.

മേയറുടെ കത്ത് വിവാദമായതില്‍ സര്‍ക്കാര്‍ ജനങ്ങളോടു വിശദീകരിക്കണം. സര്‍വകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. ഇതിനാണ് അവര്‍ ജനങ്ങളോടു മറുപടി പറയേണ്ടത്. ഇത്തരം കത്തുകള്‍ ഏറെയുണ്ട്. വൈകാതെ പുറത്തുവരുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.