മോദിയുടെ ഐശ്വര്യം കൊണ്ടാണോ പാലം തകർന്നത്; പരിഹാസവുമായി മല്ലാകാർജുൻ ഖാർഗെ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദിയുടെ ഐശ്വര്യം കൊണ്ടാണോ പാലം തകർന്നതെന്ന് ഖാർഗെ വിമർശിച്ചു. ഗുജറാത്തിലെ മോർബി തൂക്കുപാലം ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രെയിനിന് ഗ്രീൻ സിഗ്നൽ കിട്ടുന്നതു പോലെയുള്ള ചെറിയ കാര്യങ്ങളുടെ വരെ ക്രെഡിറ്റ് മോദിയെടുക്കാറുണ്ട്. മോർബി പാലം രണ്ട് കോടി രൂപ മുതൽമുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്. ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ പാലം തകർന്ന് 138 പേർ കൊല്ലപ്പെട്ടതും മോദിയുടെ ഐശ്വര്യം കൊണ്ടാണോന്ന് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. മോർബി ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി പ്രധാനമന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ഹിന്ദു മുസ്ലീം സംഘർഷങ്ങൾ, സ്ത്രീകൾക്കും ദളിതർക്കുമെതിരായ അതിക്രമങ്ങൾ, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമർശിച്ച് സംസാരിച്ചു. പശ്ചിമബംഗാളിൽ പാലം തകർന്ന് അപകടമുണ്ടായപ്പോൾ മോദി വിമർശിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളുടെ കണ്ണ് തുറപ്പിക്കാനായി ദൈവം ചെയ്ത പ്രവൃത്തിയാണ് എന്നാണ് മോദി അന്ന് പറഞ്ഞത്. ഇപ്പോൾ മോർബിയിലെ പാലം ആരാണ് തകർത്തതെന്ന് ഖാർഗെ ചോദിക്കുന്നു. തങ്ങളല്ല ബിജെപിയാണ് രാജ്യത്തെ തകർക്കുന്നത്. സത്യത്തിനുവേണ്ടിയാണ് തങ്ങളുടെ പോരാട്ടം. തങ്ങൾ സത്യത്തിന്റെ പക്ഷത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.