അനുനയശ്രമങ്ങളുമായി സർക്കാർ; രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ച് ധനവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ച് ധനവകുപ്പ്. തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് അനുകൂലമാണെങ്കിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും.

ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ജൂലൈ മാസത്തിലാണ് രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷംരൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയ്ക്ക് കത്ത് നൽകിയത്. ഇക്കാര്യം പരിശോധിച്ചാണ് ധനവകുപ്പ് അനുമതി നൽകിയത്.

അതേസമയം, കേരളാ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് അടുത്തിടെ ഉത്തരവ് പുറത്തിറക്കിയിരുന്നു. സെപ്തംബർ മാസം 22 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി 75 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് 75 ലക്ഷം രൂപ അനുവദിക്കാനുള്ള ഫയൽ ധനകാര്യ വകുപ്പിന് കൈമാറിയത്.

രാജ് ഭവനിൽ ഇ ഓഫിസ് നടപ്പിലാക്കാനാണ് 75 ലക്ഷം രൂപ സർക്കാർ അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയാണ് തുക അനുവദിച്ചത്. അതിനാൽ, തുക രാജ്ഭവന് ട്രഷറിയിൽ നിന്ന് ഉടൻ മാറാൻ സാധിക്കും. 25 ലക്ഷം രൂപയ്ക്ക് മേലുള്ള തുക മാറണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം.