നിയമന വിവാദം; നടക്കുന്നത് വ്യാജപ്രചാരണം, നിയമനടപടി സ്വീകരിക്കുമെന്ന് മേയർ

തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിൽ നിയമനത്തിന് പാർട്ടിക്കാരെ തേടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന ആരോപണത്തിൽ മറുപടിയുമായി ആര്യാ രാജേന്ദ്രൻ രംഗത്തെത്തിയിട്ടുള്ളത്.

തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഞായറാഴ്ച പോലീസിൽ പരാതി നൽകുമെന്നും മേയർ വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയാണ് മേയറുടെ പ്രതികരണം. സിറ്റി പോലീസ് കമ്മീഷണർക്കോ അല്ലെങ്കിൽ മ്യൂസിയം സ്റ്റേഷനിലോ നേരിട്ട് പരാതി നൽകാനാണ് തീരുമാനം. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പരാതി നൽകുന്നത്.

മേയറോ മേയറുടെ ഓഫീസോ ഇത്തരത്തിലൊരു കത്ത് നൽകിയിട്ടില്ല. ഇത്തരമൊരു പതിവില്ല. മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നതെന്നും ആര്യാ രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. നഗരസഭയെയും മേയറെയും ഇകഴ്ത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് പുതിയ ആരോപണം ഉയർന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഡെപ്യൂട്ടി മേയറും രംഗത്തെത്തിയിട്ടുണ്ട്. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു. ഏതെങ്കിലും ഡിറ്റിപി സെന്ററിൽ പോയാൽ ആരുടെ ലെറ്റർപാഡും ഉണ്ടാക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.