കോഴിക്കോട്: ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് പുള്ളാവൂർ പുഴയിൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കാൻ നിർദ്ദേശം നൽകി ചാത്തമംഗലം പഞ്ചായത്ത്. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചായത്ത് സെക്രട്ടറിയാണ് കട്ടൗട്ടുകൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം നൽകിയത്. പരാതിയെ തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയെന്നും വസ്തുതകൾ ബോധ്യപ്പെട്ടതിനാൽ കട്ടൗട്ടുകൾ നീക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി നൽകുന്ന വിശദീകരണം.
കോഴിക്കോട് ചാത്തമംഗലം എൻഐടിക്ക് സമീപമുള്ള പുള്ളാവൂർ പുഴയുടെ നടുവിലാണ് ഫുട്ബോൾ താരം ലയണൽ മെസിയുടെ കട്ടൗട്ട് ഉയർത്തിയത്. കഴിഞ്ഞ ആഴ്ച്ചയാണ് കട്ടൗട്ട് സ്ഥാപിച്ചത്. ലോകം മുഴുവൻ ഈ കട്ടൗട്ട് വൈറലായി. 30 അടിയാണ് കട്ടൗട്ടിന്റെ ഉയരം. 8 അടി വീതി. ഇളംനീല ജേഴ്സിയിൽ നിൽക്കുന്ന മെസിയുടെ കട്ടൗട്ട് അർജന്റീനയിലും യൂറോപ്പിലും അമേരിക്കയിലും വരെ തരംഗമായിരുന്നു. ഫോക്സ് സ്പോർട്സ് അർജന്റീന പോലുള്ള പ്രമുഖ ഓൺലൈൻ മാധ്യമങ്ങളും കട്ടൗട്ടിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് നെയ്മറുടെ കട്ടൗട്ടും സ്ഥാപിക്കപ്പെട്ടത്. 40 അടിയാണ് നെയ്മറിന്റെ കട്ടൗട്ടിന്റെ ഉയരം.
അതേസമയം, പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ വ്യക്തമാക്കി. ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂവെന്ന് അദ്ദേഹം വിശദമാക്കി. കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും കൊടുവള്ളി നഗരസഭാ ചെയർമാൻ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

