തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി ജോൺ ബ്രിട്ടാസ് എം പി. എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയിലും ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ നീക്കം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ കരടിന് നൽകിയ മറുപടിയിലാണ് ജോൺ ബ്രിട്ടാസ് എംപി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
എംപി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രോജക്ടുകളുടെ ശിലാഫലകങ്ങളിൽ ഹിന്ദി ഭാഷയിലും പദ്ധതിയെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണമെന്നാണ് കരടിൽ പറയുന്നത്. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലും ഹിന്ദിയിൽ കൂടി ബോർഡ് എഴുതണമെന്ന് നിർദ്ദേശിക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എംപിലാഡ്സിൽ ഒരു വർഷം വികസന പ്രവർത്തനങ്ങൾക്ക് രണ്ട് തവണയായി 5 കോടി രൂപ നൽകിയിരുന്നു. ജില്ലാ കളക്ടർ ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടിൽ നൽകുന്ന ഫണ്ട് പദ്ധതി പ്രവർത്തനങ്ങൾ അനുസരിച്ചു ജില്ലാ ഭരണകൂടമാണ് വിതരണം ചെയ്തു വന്നിരുന്നത്. ഈ ഫണ്ടിന് ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശ തുക കൂടി കൂടുതൽ പദ്ധതികൾക്ക് വേണ്ടി വിനിയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിലവിൽ ജില്ലകളിൽ ബാങ്കുകളിലുള്ള തുക പലിശ സഹിതം കേന്ദ്രത്തിലേക്ക് തിരികെ നൽകണമെന്നും തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന സർക്കാർ വകുപ്പുകളുടെ അധികാരം കവർന്നെടുത്തു കൊണ്ട് കേന്ദ്രം നേരിട്ട് ഫണ്ട് കൈകാര്യം ചെയ്യുമെന്നും നിർദേശമുണ്ട്.
സെപ്തംബർ 2023 വരെ കേന്ദ്ര ഏജൻസിയിൽ ഇപ്രകാരം സൂക്ഷിക്കുന്ന ഫണ്ടിന് ലഭിക്കുന്ന പലിശ എല്ലാ എംപിമാരുടേയും പദ്ധതി ഫണ്ടിലേയ്ക്ക് തുല്യമായി വീതിച്ചു നൽകുമെന്നാണ് പറയുന്നത്. എന്നാൽ 2023 സെപ്റ്റംബറിന് ശേഷം പലിശ ലഭിക്കുമോ എന്ന് പോലും ഉറപ്പില്ല. സംസ്ഥാന താത്പര്യങ്ങളുടെ ലംഘനമാണ് ഇതെന്നും, അതിനാൽ പഴയ പോലെ 2.5 കോടി എന്ന നിലയിൽ രണ്ട് ഘട്ടമായി ജില്ലാ ഭരണകൂടത്തിന് നൽകണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഫണ്ട് അനുവദിക്കുന്നത് വൈകിപ്പിക്കുന്ന തരത്തിലുള്ള അപ്രായോഗികമായ നിബന്ധനകളും കരടിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

