ന്യൂഡൽഹി: ഗവർണർക്കെതിരെയുള്ള പോരാട്ടം കടുപ്പിച്ച് സംസ്ഥാന സർക്കാർ. 46.9 ലക്ഷം രൂപയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിന് സംസ്ഥാന സർക്കാർ ചെലവാക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തുടർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഗവർണർക്കെതിരെ നിയമനടപടികളിലേക്ക് കടക്കുന്നത്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനിൽ നിന്നാണ് ഗവർണർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സർക്കാർ നിയമ ഉപദേശം തേടിയത്. ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സർക്കാർ നൽകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. നരിമാന്റെ ജൂനിയർ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപയും, സഫീർ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി നൽകും.
മൂന്ന് ലക്ഷം രൂപയാണ് നരിമാന്റെ ക്ലർക്ക് വിനോദ് കെ ആനന്ദിന് നൽകുക. കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമ ഉപദേശം എഴുതി നൽകുന്നതിനാണ് ഫീസ് കൈമാറുന്നതെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തുക അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.

