തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നഗരസഭയിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ചോദിക്കുന്ന മേയറുടെ കത്തുമായി ബന്ധപ്പെട്ടാണ് ഗവർണർക്കെതിരെ വിമർശനം ശക്തമാകുന്നത്. മേയർ കത്തെഴുതിയത് സംസ്ഥാനത്തെ തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഎം അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനകളിലും താൽക്കാലിക ജീവനക്കാർ എന്ന പേരിൽ താൽക്കാലിക നിയമനം നടക്കുകയാണ്. പി എസ് സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. പകരം പാർട്ടിക്കാരെ നിയമിച്ച് 10 വർഷം കഴിയുമ്പോൾ, അവരെ സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടി സെക്രട്ടറിമാർ നൽകുന്ന ലിസ്റ്റിലാണ് നിയമനങ്ങൾ നടക്കുന്നത്. ഇത് തിരുവനന്തപുരം മേയറുടെ കത്ത് പുറത്ത് വന്നതോടെ വ്യക്തമായി. പെൻഷൻ പ്രായം ഏകീകരിക്കാനുള്ള ഉത്തരവിൽ എതിർപ്പുണ്ടായപ്പോൾ സിപിഎം പരസ്പരം കൈകഴുകുകയാണ്. യൂണിവേഴ്സിറ്റി അധ്യാപക നിയമനം സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും വേണ്ടി നീക്കി വച്ചിരിക്കുകയാണ്. അതിനുവേണ്ടിയാണ് പാവകളായ വിസിമാരെ വച്ചിരിക്കുന്നത്. നേരായ മാർഗത്തിലൂടെ ഒരിടത്തും നിയമനമില്ല. പാർട്ടി ഓഫീസുകൾ കേന്ദീകരിച്ചുള്ള മാഫിയയാണ് നിയമനങ്ങൾക്ക് ആളെ കണ്ടെത്തുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു.

