സുല്ത്താന്ബത്തേരി: സര്ക്കാരിന്റെയും സി പി എമ്മിന്റെയും നയമാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. സുല്ത്താന്ബത്തേരിയില് വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവിന്റെ വാക്കുകള്
‘സുപ്രീംകോടതി വിധിക്ക് എതിരായാണ് സര്ക്കാരും സി പി എമ്മും പ്രവത്തിക്കുന്നത്. ഇതില് ഇരകളാകുന്നത് കേരളത്തിലെ വിദ്യാര്ത്ഥികളാണ്. കേരള സര്വകലാശാലയിലെ വി സി നിയമനത്തിനായി ഗവര്ണര് രൂപീകരിച്ച സെര്ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കാന് ഇന്നും സെനറ്റ് തയ്യാറായിട്ടില്ല. സി പി എമ്മിന്റെയും സര്ക്കാരിന്റെയും നിര്ദ്ദേശപ്രകാരമാണിത്. സി പി എമ്മും സര്ക്കാരും കേരള സര്വകലാശാലയ്ക്ക് വി സി വേണ്ട എന്ന നിലപാടിലേക്കാണ് പോകുന്നത്. സുപ്രീംകോടതി വിധിയെത്തുടര്ന്നാണ് സാങ്കേതിക സര്വകലാശാലയിലെ വിസിക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്. അവിടെ പുതിയ ഒരു വിസിയെ നിയമിക്കുന്നതുവരെ ഒരാളെ താത്കാലികമായി ചാന്സലര്ക്ക് നിയമിക്കേണ്ടിവരും. അക്കാഡമിക് യോഗ്യതയുള്ള ഒരാളെ താല്ക്കാലിക ചുമതലയില് വച്ചിട്ടും അവരെ അകത്ത് കയറ്റാതെ എസ് എഫ് ഐയുടെയും സി പി എം അനുകൂല സര്വീസ് സംഘടനകളുടെയും പ്രതിഷേധമുണ്ടായി. ഇതിലൂടെ എന്താണ് സി പി എം ഉദ്ദേശിക്കുന്നത്. സാങ്കേതിക സര്വകാലാശാലയ്ക്ക് താല്ക്കാലിക വിസി പോലും വേണ്ടെന്നാണോ? സുപ്രീം കോടതിയെ അനുസരിക്കില്ല എന്നാണോ?സുപ്രീംകോടതി വിധിക്ക് എതിരെയാണ് സര്ക്കാരും സി പി എമ്മും നിലപാടെടുത്തിരിക്കുന്നത്. സംഘപരിവാര് പശ്ചാത്തലമുള്ളയാളാണെങ്കില് എതിര്ക്കാം. ഇത് അങ്ങനെയല്ലല്ലോ. അക്കാദമിക് യോഗ്യതയുള്ളയാളാണ്. ഗവര്ണറും സര്ക്കാരും തമ്മിലുള്ളള പോര് ജനങ്ങളെ കബളിപ്പിക്കാനാണ്. സര്ക്കാരിനെ രക്ഷിക്കാനാണ് ഗവര്ണര് ശ്രമിക്കുന്നത്. സ്വര്ണക്കടത്ത് വിഷയത്തില് ഇപ്പോഴാണോ ഗവര്ണര് പ്രതികരിക്കുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കാളിത്തം ഉണ്ടെന്ന് എല്ലാവര്ക്കും അറിയാം.സര്ക്കാരും ഗവര്ണറും തമ്മില് പല ഏര്പ്പാടുകളും നടത്തി.ഇവര് തമ്മില് എന്താണ് തര്ക്കം?ഗവര്ണര് രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സര്ക്കാരിനെ സഹായിക്കാനാണ്. യഥാര്ത്ഥ വിഷയങ്ങളില് നിന്ന് ശ്രദ്ധ തിരിക്കാന് ആണ് ശ്രമം. ഗവര്ണര് സര്ക്കാര് പോരെന്ന് വരുത്തി തീര്ക്കുന്നു. ഇവര് തമ്മില് ഒരു തര്ക്കവും ഇല്ല.’

