തിരുവനന്തപുരം: ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് കേരള സർവകലാശാല സെനറ്റ്. ഗവർണർക്കെതിരെ സെനറ്റ് വീണ്ടും പ്രമേയം പാസാക്കി. വൈസ് ചാൻസിലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് സെനറ്റ് വീണ്ടും പ്രമേയം പാസാക്കിയത്. ഇതുസംബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പാസാക്കിയ പഴയ പ്രമേയത്തിൽ സെനറ്റ് ഭേദഗതി വരുത്തി.
ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയ്ക്ക് നിയമപരമായി നിലനിൽപ്പില്ലെന്നും ഇതിനായുളള നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നും സെനറ്റ് ഗവർണറോട് അഭ്യർത്ഥിച്ചിരുന്നു. പകരം നിയമപരമായി സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേരള സർവകലാശാല സെനറ്റിലെ 50 ഇടതുപക്ഷ അംഗങ്ങളും ഇത് അംഗീകരിച്ചു. ഏഴുപേർ എതിർത്തു. പ്രമേയം ചാൻസിലർക്ക് എതിരല്ലെന്നും നോട്ടിഫിക്കേഷന് എതിരാണെന്നുമാണ് സെനറ്റ് അംഗങ്ങൾ വാദിക്കുന്നത്.
ഗവർണർ സെർച്ച് കമ്മിറ്റിയെ പിൻവലിച്ചാൽ മാത്രമേ പ്രതിനിധിയെ സെനറ്റ് നിർദ്ദേശിക്കൂ. ഇക്കാര്യത്തിൽ കോടതി പറയും പോലെ കേൾക്കുമെന്ന് സെനറ്റ് അംഗങ്ങൾ അറിയിച്ചിട്ടുണ്ട്.

