കണ്ണൂര്: തലശ്ശേരിയില് കാറില് ചാരി നിന്നതിനാല് ആറു വയസുകാരനെ മര്ദ്ദിച്ച സംഭവത്തില് ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. പൊലീസിന് വീഴ്ച്ചയുണ്ടേല് സര്ക്കാര് നടപടിക്ക് ശുപാര്ശ ചെയ്യുമെന്നും ചെയര്മാന് കെ.വി മനോജ് കുമാര് പ്രതികരിച്ചു.
അതേസമയം, ആറു വയസുകാരനെ മര്ദിച്ച സംഭവത്തില് പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ ( 22 ) ജാമ്യമില്ലാക്കുറ്റങ്ങള് ചുമത്തി തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മര്ദ്ദനമേറ്റത്. തെറ്റായ ദിശയില് പാര്ക്ക് ചെയ്ത കാറില് തൊട്ട ശേഷം കുട്ടി കാറില് ചാരി നില്ക്കുകയും ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മര്ദ്ദനത്തില് കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. തുടര്ന്ന് നാട്ടുകാര് വാഹനം തടയുകയും ദൃശ്യങ്ങള് സഹിതം പൊലീസിനെ സമീപിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഇന്ന് രാവിലെ ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ബാലാവകാശ കമ്മീഷന് തലശ്ശേരി പൊലീസിനോട് റിപ്പോര്ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര് ചൈല്ഡ് പ്രൊട്ടക്ഷന് ഓഫിസറോടും സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്ട്ട് നല്കാനും നിര്ദ്ദേശം നല്കി.

