പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയ തീരുമാനം പാർട്ടി അറിഞ്ഞില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയ തീരുമാനം പാർട്ടി അറിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാർട്ടിക്ക് അറിയില്ലെന്നും പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഒത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ യുവജന സംഘടനകൾ ഇതിനെ എതിർത്തു. അവരുടെ എതിർപ്പ് തെറ്റെന്ന് പറയാനാവില്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണോ സർക്കാർ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു തനിക്കറിയില്ലെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവ് ആയതുകൊണ്ടുതന്നെയാണ് അതു പിൻവലിക്കേണ്ടി വന്നത്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്നു തന്നെയാണ് പാർട്ടി നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമായിരുന്നു ധനവകുപ്പ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി ഏകീകരിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. വിഷയത്തിൽ പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഈ ഉത്തരവ് മരവിപ്പിച്ചു. അതേസമയം, പെൻഷൻ പ്രായം വർധിപ്പിച്ച ഉത്തരവ് മരവിപ്പിച്ച സർക്കാർ തീരുമാനം യുഡിഎഫിന്റെ വിജയമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.