ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി. രണ്ട് സൈനികരുൾപ്പടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആക്രമണമാണ് ചെങ്കോട്ട ഭീകരാക്രണ കേസ്.
ആക്രമണത്തിലെ മുഖ്യ സൂത്രധാരനായ ലഷ്കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ വധശിക്ഷയാണ് സുപ്രീം കോടതി ശരിവച്ചത്. ഇയാളുടെ പുനഃപരിശോധനാ ഹർജി ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ച് തള്ളി. 2000 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം.
ഡിസംബർ 25നാണ് പാകിസ്ഥാൻ പൗരനായ മുഹമ്മദ് ആരിഫ് പോലീസിന്റെ പിടിയിലാകുന്നത്. 2005 ഒക്ടോബറിൽ 24ന് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തി. ഒക്ടോബർ 31ന് ഇയാൾക്ക് കോടതി വധശിക്ഷ വിധിച്ചു. 2007 സെപ്തംബറിൽ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ഡൽഹി ഹൈക്കോടതിയും സ്ഥിരീകരിച്ചു. 2011 ഓഗസ്റ്റിൽ ശിക്ഷാവിധിയെ ചോദ്യം ചെയ്ത് ആരിഫ് നൽകിയ അപ്പീൽ നൽകിയിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് വീണ്ടും പുനഃപരിശോധനാ ഹർജിയുമായി ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇതാണ് സുപ്രീം കോടതി ഇപ്പോൾ തള്ളിയത്.

