‘രാജ്ഭവന്‍ രാജിഭവനായി’; പരിഹസിച്ച് കാനം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഡല്‍ഹിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘രാജ്ഭവന്‍ രാജിഭവനായിക്കൊണ്ടിരിക്കുകയാണ്. എപ്പോഴും എല്ലാവരും രാജിവെക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിനുള്ള അധികാരം ഉപയോഗിച്ച് എന്താ ചെയ്യാനുദ്ദേശിച്ചിരിക്കുന്നത്, അത് ചെയ്‌തോട്ടെ. ഭരണഘടനാപരമായും നിയമപരമായും കേരളത്തിലെ സര്‍ക്കാര്‍ ആ നടപടിയെ നേരിടും. അത്രയേയുള്ളൂ. സ്വര്‍ണ്ണക്കടത്തുകേസ് ദേശീയ അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. അതില്‍ സര്‍ക്കാരിനെ കുറ്റംപറയേണ്ടതില്ല’- കാനം വ്യക്തമാക്കി.

അതേസമയം, രാജ്ഭവന്‍ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ ഗവര്‍ണര്‍പദം രാജിവെക്കാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറുണ്ടോ എന്നും ഗവര്‍ണര്‍ നേരത്തെ വെല്ലുവിളിച്ചിരുന്നു.