പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്; വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറിയെന്നും പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവിധ വിഷയങ്ങളുന്നയിച്ച് പിണറായി സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം നിലവിൽ കേരളത്തിൽ ഇല്ല. ക്രമസമാധാന നില തകർന്നു. പൊലീസ് ക്രിമിനലുകളുടെ സങ്കേതമാണ്. വില വർധനവ് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല. ഇക്കാലയളവിൽ വില കുറഞ്ഞത് പിണറായി വിജയന് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിനെതിരെ കോൺഗ്രസ് സമര മുഖത്ത് മാസങ്ങൾ നീളുന്ന പ്രക്ഷോഭം തുടരും. കൊടുങ്കാറ്റ് വരും. ബ്രിട്ടീഷുകാരെ കെട്ട് കെട്ടിച്ച കോൺഗ്രസിന് പിണറായിലെ വിജയൻ ഒരു പ്രശ്‌നം അല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം സർക്കാർ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.