ഗുജറാത്ത് തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപിച്ചു, ഇലക്ഷൻ നടക്കുക രണ്ട് ഘട്ടങ്ങളിലായി

ന്യൂഡൽഹി: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 51,782 പോളിംഗ് സ്റ്റേഷനുകളിലായി ആകെ 4.9 കോടി വോട്ടർമാരാണ് ഗുജറാത്തിലുള്ളത്. ഇതിൽ 3,24,47 പേർ കന്നിവോട്ടർമാരാണ്. ബിജെപി, ആംആദ്മി പാർട്ടി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായും മത്സര രംഗത്തുള്ളത്.

ആദ്യഘട്ട തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 14നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള അവസാന തിയതി നവംബർ 17നുമാണ്. സൂക്ഷ്മപരിശോധന നവംബർ 15, 18 തിയതികളിലായി നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 17നും 21നുമാണ്. ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

ഫെബ്രുവരി 18നാണ് ഭൂപേന്ദ്രഭായി പട്ടേൽ സർക്കാരിന്റെ കാലാവധി കഴിയുക. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമാരും കോൺഗ്രസിന് 62 എംഎൽഎമാരുമാണുള്ളത്. അതേസമയം, ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. നവംബർ പന്ത്രണ്ടിനാണ് ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് ഹിമാചൽ പ്രദേശിൽ വോട്ടെണ്ണൽ.