ന്യൂഡൽഹി: മീഡിയാവൺ ചാനലിന്റെ ലൈസൻസ് റദ്ദാക്കിയതിന്റെ കാരണം ചാനൽ ഉടമകളെ അറിയിക്കുന്നതിന് തടസ്സമെന്താണെന്ന ചോദ്യവുമായി സുപ്രീംകോടതി. സുരക്ഷാ അനുമതി നിഷേധിച്ചതിന് ആധാരമായ കാര്യങ്ങൾ അറിയാതെ എങ്ങനെയാണ് അനുമതി നിഷേധിക്കപ്പെട്ടവർ നിയമ നടപടി സ്വീകരിക്കുകയെന്ന് ചോദിക്കുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാരിനോട് ഇക്കാര്യം ചോദിച്ചത്.
എത്ര ഗുരുതരമായ കേസ് ആയാലും കുറ്റപത്രത്തിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. ദേശസുരക്ഷ നിയമപ്രകാരം തടവിലാക്കുമ്പോൾ പോലും അതിന്റെ കാരണം വ്യക്തമാക്കണം.
ദേശ സുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് ചാനൽ ഉടമകളെ അറിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ലേയെന്ന ചോദ്യവും കോടതി ഉന്നയിക്കുന്നുണ്ട്. മീഡിയവൺ ചാനലിന്റെ ഡൗൺലിങ്കിങ് ലൈസൻസ് പുതുക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ലൈസൻസ് വിലക്കിനെതിരെ ചാനൽ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ വാദം നാളെ തുടരും.
കഴിഞ്ഞ ജനുവരി 31 നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

