വൈസ് ചാൻസലർമാർക്കെതിരെ നടപടി കടുപ്പിച്ച് ഗവർണർ; ശമ്പളം തിരിച്ചുപിടിക്കാൻ തീരുമാനം

തിരുവനന്തപുരം: വൈസ് ചാൻസലർമാർക്കെതിരെ നടപടി കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വിസിമാർക്കെതിരെയാണ് ഗവർണർ നടപടി കടുപ്പിച്ചത്. വിസിമാർ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് ഗവർണറുടെ തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കുമെന്നാണ് വിവരം.

യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് എട്ട് വിസിമാരുടേയും നിയമനം നടന്നിട്ടുള്ളതെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്. അതേസമയം, പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിസിമാർ ഗവർണ്ണർക്ക് രേഖാ മൂലം മറുപടി നൽകേണ്ട സമയ പരിധി നാളെ അവസാനിക്കും.

ഗവർണരുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിസിമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ആറ് വൈസ് ചാൻസലർമാരും കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച ഡോ. മഹാദേവൻ പിള്ളയും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ ജഡ്ജിമാർ ഫണ്ട് തിരിമറി അടക്കമുള്ള ആരോപണങ്ങളിൽ നേരിട്ട് അന്വേഷണം നടത്തണമെന്ന് വിസിമാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.തങ്ങൾ തെറ്റ് ചെയ്‌തെന്ന് അന്വേഷണം നടത്തുന്ന ജഡ്ജിമാർക്ക് ബോദ്ധ്യപ്പെട്ടാൽ മാത്രമേ സ്ഥാനത്തു നിന്ന് പുറത്താക്കാവൂവെന്നും വൈസ് ചാൻസലർമാർ ഹർജിയിൽ പറയുന്നു.