ഗുരുവായൂര്: ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഗുരുവായൂര് ക്ഷേത്രത്തിലെ കോടതി വിളക്കിന്റെ നടത്തിപ്പില് നിന്നും ജുഡീഷ്യല് ഓഫീസര്മാര് വിട്ടുനില്ക്കണമെന്ന് ഹൈക്കോടതി നിര്ദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂര് ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് ജയശങ്കരന് നമ്ബ്യാര് ജില്ലാ ജഡ്ജിക്ക് കത്തയച്ചു.
‘കോടതികള് ഒരു മതത്തിന്റെ പരിപാടിയില് ഭാഗമാകുന്നത് ശരിയല്ല. മതനിരപേക്ഷ സ്ഥാപനം എന്ന നിലയില് ഇത് അംഗീകരിക്കാനാവില്ല. നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യല് ഓഫീസര്മാര് കോടതി വിളക്കിന്റെ നടത്തിപ്പില് പങ്കാളികളാകരുത്. ഇതര മതസ്ഥരായവര്ക്ക് നിര്ബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും’- കത്തില് വ്യക്തമാക്കുന്നു.
ചാവക്കാട് മുന്സിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. കോടതി ജീവനക്കാര് കൂടി ചേര്ന്നാണ് ഇത് നടത്തുക. പേരില് കോടതി ഉണ്ടെന്നല്ലാതെ മറ്റ് ഇടപെടലുകളൊന്നും ഈ ആചാരവുമായി ബന്ധപ്പെട്ടില്ല. പൊലീസ്, പോസ്റ്റല്, ബാങ്ക് ജീവനക്കാരെല്ലാം ഇത്തരത്തില് വിളക്ക് വഴിപാടുകള് ഏകാദശി കാലത്ത് നടത്തിവരുന്നുണ്ട്.

