ജയ്പുര്: കോണ്ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്ട്ടിക്കെതിരെ കലാപം നടത്തിയ എം.എല്.എമാര്ക്കെതിരെ നടപടി വേണമെന്ന് സച്ചിന് പൈലറ്റ്. ഹിമാചല് പ്രദേശില് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചിന് പൈലറ്റിന്റെ പ്രതികരണം
‘രാജസ്ഥാനിലെ അനിശ്ചിതാന്തരീക്ഷം അവസാനിപ്പിക്കാന് സമയമായി. രാജസ്ഥാനിലെ സാഹചര്യത്തില് ഉടന് തീരുമാനം കൈക്കൊള്ളുമെന്ന് പാര്ട്ടി നിരീക്ഷകന് കെ.സി. വേണുഗോപാല് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാജസ്ഥാനില് നടന്ന സര്ക്കാര് പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗഹലോതിനെ മുതിര്ന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത് കൗതുകകരമാണ്. ആ അഭിനന്ദനത്തെ നിസ്സാരമായി കാണാനാകില്ല. എല്ലാവര്ക്കും അറിയാം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന്. മുതിര്ന്ന കോണ്ഗ്രസ് നേതാവായിരുന്ന ഗുലാം നബി കുറച്ചുനാള് മുന്പാണ് കോണ്ഗ്രസ് വിട്ടതും പിന്നാലെ പുതിയ പാര്ട്ടി രൂപവത്കരിച്ചതും. രാജസ്ഥാനിലെ സാഹചര്യത്തെ പാര്ട്ടി നിരീക്ഷകര് ഗൗരവത്തോടെയാണ് കണ്ടത്. സംഭവിച്ചത് അച്ചടക്കമില്ലായ്മയാണെന്ന് പാര്ട്ടി പറയുകയും ചെയ്തു. മൂന്ന് എം.എല്.എമാര്ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്കി. ഇനി നടപടിയാണ് വേണ്ടത്. എല്ലാവര്ക്കും ഒരേ നിയമം ബാധകമായ പഴയ പാര്ട്ടിയാണ് കോണ്ഗ്രസ്, ആര് എത്ര മുതിര്ന്ന നേതാവായാലും. പുതിയ അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ ഉടന് തീരുമാനം എടുക്കുമെന്ന് ഉറപ്പുണ്ട്.’

