ദോഹ: ഫിഫ ലോകകപ്പ് കളി കാണാനെത്തുന്നവര്ക്ക് താമസിക്കുന്നതിനുള്ള ബുക്കിങ് പ്ലാറ്റ്ഫോമില് ഏകദേശം ഇരുനൂറോളം രാജ്യങ്ങളില് നിന്നുള്ള ആരാധകരുടെ ബുക്കിങ് പൂര്ത്തിയാക്കി .www.qatar2022.qa എന്ന വെബ്സൈറ്റിലെ ബുക്കിങ് പ്ലാറ്റ്ഫോമില് ഏറ്റവും കൂടുതല് ബുക്കിങ് നടത്തിയത് അമേരിക്കയില് നിന്നുള്ളവരാണ്. ജി.സി.സി രാജ്യങ്ങളില് സൗദി അറേബ്യയാണ് മുന്നിലെന്ന് സുപ്രീം കമ്മിറ്റി ഹൗസിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര് ഉമര് അല് ജാബിര് പറഞ്ഞു.
മെക്സിക്കോ, അര്ജന്റീന, ബ്രിട്ടന്, ഇന്ത്യ, ബ്രസീല് എന്നിവരാണ് താമസസൗകര്യ ബുക്കിങ് വെബ്പോര്ട്ടലിലെ മുന്നിര രാജ്യങ്ങള്. അപ്പാര്ട്ട്മെന്റുകള്, വില്ലകള്, ക്രൂസ് ഷിപ് ഹോട്ടലുകള്, ഫാന് വില്ലേജുകള്, ഹോട്ടലുകള് തുടങ്ങി നിരവധി താമസ സൗകര്യങ്ങളാണ് ഔദ്യോഗിക പ്ലാറ്റ്ഫോമിലുള്ളത് -ഖത്തര് ടി.വിക്ക് നല്കിയ അഭിമുഖത്തില് അദ്ദേഹം കൂട്ടിച്ചേര്ത്തു. മത്സര ടിക്കറ്റുകള് കരസ്ഥമാക്കിയ ആരാധകര്ക്ക് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകള്, വാണിജ്യ പ്ലാറ്റ്ഫോമുകള്, അല്ലെങ്കില് ഹോട്ടലുകളുടെ ഔദ്യോഗിക വെബ്സൈറ്റുകള് തുടങ്ങി ഏതു പ്ലാറ്റ്ഫോമുകള് വഴിയും താമസസൗകര്യം ബുക്ക് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

