കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണം; കോർപ്പറേഷന് കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് കൊച്ചി കോർപ്പറേഷന് ഹൈക്കോടതി നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ഓടകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. കൊച്ചി കോർപറേഷൻ അതിന്റെ ഉത്തരവാദിത്വം നിറവേറ്റാത്തപ്പോഴാണ് കോടതിയ്ക്ക് ആ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കേണ്ടി വരുന്നതെന്ന് കോടതി കൂട്ടിച്ചേർത്തു.

വിഷയത്തിൽ കൊച്ചി കോർപ്പറേഷൻ നവംബർ 11 ന് റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശം നൽകി. നല്ലൊരു മഴ പെയ്താൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞദിവസം ഉണ്ടായ മഴയിൽ കൊച്ചി നഗരത്തിൽ വെള്ളം കയറിയിരുന്നു. തുലാവർഷക്കാലമായതിനാൽ എല്ലാ വൈകുന്നേരങ്ങളിലും മഴ പെയ്യുന്നതും വേലിയേറ്റമുണ്ടാകുന്ന സമയവുമായതിനാൽ കൊച്ചി നഗരം മുഴുവനായും മുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കൊച്ചി കോർപ്പറേഷന് കർശന നിർദ്ദേശം നൽകിയത്.