അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകും; തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഗുജറാത്തിലെ രണ്ട് ജില്ലകളിൽ സ്ഥിരതാമസമാക്കിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗതിൽപ്പെട്ടവർക്ക് പൗരത്വം നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പൗരത്വ ഭേദഗതി നിയമം 2019 ന് പകരം, 1955 ലെ പൗരത്വ നിയമത്തിന് കീഴിലാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, ജൈന, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ കുടിയേറ്റക്കാർക്ക് സെക്ഷൻ 5 പ്രകാരം ഇന്ത്യൻ പൗരത്വം അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഗുജറാത്തിലെ ഈ രണ്ട് ജില്ലകളിൽ താമസിക്കുന്ന അത്തരം ആളുകൾ അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇവ ജില്ലാതലത്തിൽ കളക്ടർ പരിശോധിക്കും. അപേക്ഷയും അതിലെ റിപ്പോർട്ടുകളും ഒരേസമയം കേന്ദ്ര സർക്കാരിന് ഓൺലൈനായി ആക്സസ് ചെയ്യാൻ കഴിയും.

അപേക്ഷകന് പൗരത്വത്തിന് അർഹതയുണ്ടോ എന്ന കാര്യം പരിശോധിക്കാനായി കളക്ടർ അന്വേഷണം നടത്തും. പിന്നീട് അവ സ്ഥിരീകരണത്തിനായി സ്ഥാപനങ്ങൾക്ക് കൈമാറുന്നു. അപേക്ഷകൻ അനുയോജ്യനാണെന്ന് കളക്ടർക്ക് ബോധ്യപ്പെട്ടാൽ, അയാൾക്ക് ഇന്ത്യൻ പൗരത്വമോ നാച്ചുറലൈസേഷൻ സർട്ടിഫിക്കറ്റോ നൽകുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.