ഷാരോണിന്റെ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും കേസിൽ പ്രതിചേർത്തു

തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതിചേർത്തു. തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിർമൽ കുമാറിനേയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയ കാര്യം ഗ്രീഷ്മ സ്വന്തം അമ്മയോടും അമ്മാവനോടും പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഇവർ കഷായ പാത്രമടക്കമുള്ള തെളിവുകൾ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടിൽ ഇവ ഉപേക്ഷിച്ചുവെന്നാണ് സിന്ധും നിർമൽ കുമാറും പൊലീസിനോട് വെളിപ്പെടുത്തിയത്. വിഷം നൽകി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഗ്രീഷ് ഇക്കാര്യം അമ്മാവനോടും അമ്മയോടും പറയുന്നത്.

കടയിൽ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നൽകിയത്. ഇതിനായി ഗ്രീഷ്മ കഷായം വീട്ടിലുണ്ടാക്കുകയായിരുന്നു. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച ശേഷം അതിലേക്ക് കീടനാശിനി കലർത്തുകയായിരുന്നു. ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങൾക്ക് കേടുണ്ടാക്കാൻ സാധിക്കുന്ന രാസവസ്തുവാണിത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതും.

കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസും നൽകിയിരുന്നു. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം ജാതകദോഷം കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാൻ ഗ്രീഷ്മ നോക്കിയിരുന്നു. എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കൊലപാതകം നടത്താൻ തന്നെ ഗ്രീഷ്മ തീരുമാനിച്ചത്.