ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിലെ പാലം അപകടവുമായി ബന്ധപ്പെട്ട് ഒൻപതു പേർ അറസ്റ്റിൽ. തൂക്കുപാലത്തിന്റെ നവീകരണം നടത്തിയ ‘ഒറേവ’ കമ്പനിയിലെ മാനേജർമാർ, പാലത്തിലെ പ്രവേശന ടിക്കറ്റ് കളക്ടർമാർ, സുരക്ഷാജീവനക്കാർ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സുരക്ഷയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ഒറേവ കമ്പനി ലംഘിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഒറേവ.
തൂക്കുപാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മോർബി നഗര ഭരണകൂടവുമായി 15 കൊല്ലത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ പാലം നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് മുൻപരിചയമില്ലാത്ത ചെറുകമ്പനിയായ ദേവപ്രകാശ് സൊല്യൂഷൻസിനെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 12-17 രൂപയ്ക്കാണ് തൂക്കുപാലത്തിലേക്കുള്ള പ്രവേശനത്തിനുള്ള ടിക്കറ്റ് വിറ്റിരുന്നത്.
അഞ്ഞൂറോളം പേരാണ് സംഭവസമയത്ത് തൂക്കുപാലത്തിലുണ്ടായിരുന്നത്. എന്നാൽ, 125 പേരെ താങ്ങാനുള്ള കരുത്തുമാത്രമാണ് പാലത്തിനുണ്ടായിരുന്നത്. 141 പേർക്കാണ് ദുരന്തത്തിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 47 പേർ കുട്ടികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ച് മാസമാണ് തൂക്കുപാലം നവീകരണം ഒറേവയെ ഏൽപിക്കുന്നത്. തുടർന്ന് ഏഴുമാസത്തിനു ശേഷം ഗുജറാത്തി പുതുവർഷമായ ഒക്ടോബർ 26-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.
അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ചുരുങ്ങിയത് എട്ടു മുതൽ 12 മാസംവരെ പാലം അടച്ചിടണമെന്നായിരുന്നു കരാറിൽ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച പാലം തുറന്നുകൊടുത്തത് ഗുരുതരമായ ഉത്തരവാദിത്വമില്ലായ്മയും ശ്രദ്ധയില്ലായ്മയുമാണെന്ന് പോലീസ് വ്യക്തമാക്കുന്നത്.

