തൃശൂര്: തൃശൂര് മഹാരാജാസ് ടെക്നിക്കല് ഇന്സ്റ്റിറ്റ്യൂട്ടില് അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി എസ്എഫ്ഐ. വിദ്യാര്ത്ഥി സമരത്തിനിടെ കോളേജിലെത്തിയ എസ്എഫ്ഐ തൃശൂര് ജില്ലാ സെക്രട്ടറി അസം മുബാറകും സംഘവുമാണ് പ്രിന്സിപ്പല് ഇന് ചാര്ജായ ഡോ. ദിലീപിനെതിരെ ഭീഷണി സ്വരമുയര്ത്തിയത്. കഴിഞ്ഞ 25ന് ആയിരുന്നു സംഭവം.
അധ്യാപകന് പൊലീസിനെ വിളിച്ചുവരുത്തി വിദ്യര്ത്ഥികളെ അറസ്റ്റ് ചെയ്യിപ്പിച്ചതിനെ തുടര്ന്നാണ് എസ് എഫ് ഐ തൃശൂര് ജില്ലാ സെക്രട്ടറി ഉള്പ്പെടെയുള്ളവര് പ്രിന്സിപ്പലിന്റെ ഓഫീസിലെത്തി പൊലീസിന്റെയും മറ്റ് അധ്യാപകരുടെയും സാന്നിദ്ധ്യത്തില് ഭീഷണിപ്പെടുത്തിയത്. ‘ഒരുപാട് പേരെ ഞങ്ങള് കണ്ടിട്ടുണ്ട്, അദ്ധ്യാപകരോട് ബഹുമാനമാണ്. പക്ഷേ തെമ്മാടിത്തരം കാണിച്ചാല് കാല് തല്ലിയൊടിക്കും. സിന്ഡിക്കേറ്റിലും സെനറ്റിലും ഒക്കെ ഞങ്ങള് അംഗങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിലുണ്ടല്ലോ, പുറത്തിറങ്ങിയാല് കാല് തല്ലിയൊടിക്കും, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നത്’- എന്നായിരുന്നു ഭീഷണി.
സംഭവത്തില് അദ്ധ്യാപകന് സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കിയിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചു.

