കണ്ണൂർ സർവകലാശാല നിയമന വിവാദം; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തിക അനധ്യാപക വിഭാഗത്തിലാണെന്ന സിൻഡിക്കേറ്റ് നിലപാടിന് വിരുദ്ധമായി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. തസ്തിക അധ്യാപക വിഭാഗത്തിലാണെന്നാണ് പ്രിയ വർഗീസ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം.

സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗത്തിൽ പെടുന്നതാണെന്ന് തെളിയിക്കുന്ന സെനറ്റ് യോഗരേഖകൾ പുറത്തുവന്നിരുന്നു. പ്രിയ വർഗീസിന്റെ സത്യവാങ്മൂലത്തിൽ വൈരുധ്യമുണ്ടെന്നാണ് സേവ് യുണിവേഴ്സിറ്റി ഫോറം ആരോപിക്കുന്നത്. കഴിഞ്ഞ സെപ്തംബർ 16ന് ചേർന്ന കണ്ണൂർ സർവ്വകലാശാല സെനറ്റ് യോഗത്തിൽ സിൻഡിക്കേറ്റിന്റെ സ്ഥിരം സമിതി അധ്യക്ഷയും സിപിഎം വനിതാ നേതാവുമായ എൻ. സുകന്യയാണ്, പ്രിയ വർഗീസിന്റെ അവകാശവാദം തള്ളിക്കൊണ്ട് ഇക്കാര്യം സെനറ്റ് യോഗത്തിൽ വെളിപ്പെടുത്തിയതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം ചൂണ്ടിക്കാട്ടുന്നത്.

പ്രിയ വർഗീസിന്റെ ദിവസവേതന അധ്യാപന കാലയളവും ഗവേഷണകാലവും ഉൾപ്പടെ 11 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നാണ് സർവ്വകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തിൽ കോടതിയിൽ വ്യക്തമാക്കിയത്. നവംബർ രണ്ടിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതുവരെ നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് തുടരും.