സ്വര്‍ണക്കടത്ത് കേസ്: വിചാരണ ബംഗളൂരുവിലേക്കു മാറ്റണമെന്നാവര്‍ത്തിച്ച് ഇഡി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സ്വര്‍ണക്കടത്തുകേസിന്റെ വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജുഡീഷ്യറിക്ക് കളങ്കമാണെന്ന കേരളത്തിന്റെ വാദം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയില്‍ കേരള സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനു മറുപടി നല്‍കുകയായിരുന്നു ഇഡി. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് നവംബര്‍ 3 ന് പരിഗണിക്കും.

ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ആശങ്കയുടെ പേരിലല്ല മറിച്ച് നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കുകയെന്ന ലക്ഷ്യമുള്ളത് കൊണ്ടാണ് കേസ് മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇഡി സുപ്രീം കോടതിയില്‍ വിശദീകരിച്ചു. ജുഡീഷ്യറിയുടെ പവിത്രത ചൂണ്ടിക്കാട്ടി കേസ് മാറ്റുന്നതിനെ എതിര്‍ക്കുന്നവര്‍, മജിസ്‌ട്രേട്ടിനു മുന്നില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ ആധികാരികത ചോദ്യം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ഇഡി ചൂണ്ടിക്കാട്ടി.

അതേസമയം, അന്വേഷണം വഴിതെറ്റിക്കാന്‍ പൊലീസിന്റെ സഹായത്തോടെ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതായും അന്വേഷണം തടസ്സപ്പെടുത്താന്‍ പല ശ്രമങ്ങള്‍ നടന്നതായി ഇഡി ആവര്‍ത്തിച്ചു. പ്രതികള്‍ക്കെതിരെയും സാക്ഷികള്‍ക്കെതിരെയും കേരള പൊലീസ് ചുമത്തിയ വിവിധ കേസുകള്‍ അവരെ സമ്മര്‍ദ്ദത്തിലാക്കാനാണെന്നും ഇഡി വ്യക്തമാക്കി.