ലോകത്തെ ഏറ്റവും ഉയരമുള്ള ശിവ പ്രതിമ; 250 കിലോമീറ്റർ വേഗത്തിൽ എത്തുന്ന കൊടുങ്കാറ്റിന് പോലും തകർക്കാനാവില്ല, പ്രത്യേകതകൾ ഇങ്ങനെ

ജയ്പൂർ: ലോകത്തെ ഏറ്റവും ഉയരമുള്ള ശിവ പ്രതിമ ‘വിശ്വാസ് സ്വരൂപം’ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ നത്ദ്വാര പട്ടണത്തിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിൽ നിന്നുള്ള ആത്മീയ നേതാവും മതപ്രഭാഷകനുമായ മൊരാരി ബാപ്പു ശിവപ്രതിമ അനാച്ഛാദനം ചെയ്യും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, നിയമസഭാ സ്പീക്കർ സി പി ജോഷി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നിരവധി മത- സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സൻസ്ഥാൻ ട്രസ്റ്റിയും മിരാജ് ഗ്രൂപ്പ് ചെയർമാനുമായ മദൻ പലിവാളാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 29 മുതൽ നവംബർ ആറ് വരെ ഒൻപത് ദിവസത്തേക്കാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

396 അടിയാണ് ശിവപ്രതിമയുടെ ഉയരം. ഒരു കുന്നിന് മുകളിലായി ശിവൻ ഇരുന്ന് ധ്യാനിക്കുന്ന നിലയിലാണ് പ്രതിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇരുപത് കിലോമീറ്റർ അകലെ നിന്നുതന്നെ പ്രതിമ കാണാൻ കഴിയും. പ്രതിമയ്ക്കുള്ളിലേയ്ക്ക് കടക്കാൻ നാല് ലിഫ്റ്റുകളും മൂന്ന് പടിക്കെട്ടുകളുമുണ്ട്. ഭക്തർക്കായി വലിയൊരു ഹാൾ സജ്ജമാക്കിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. അടുത്ത 250 വർഷം നിലനിൽക്കാൻ കഴിയുന്ന തരത്തിലാണ് പ്രതിമ നിർമിച്ചിട്ടുള്ളത്.

250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ നേരിടാൻ പ്രതിമയ്ക്ക് കഴിയും. പ്രതിമയുടെ രൂപകൽപ്പനയിലെ വിൻഡ് ടണൽ ടെസ്റ്റ് ഓസ്ട്രേലിയയിലാണ് നടത്തിയത്. പ്രതിമയ്ക്ക് ചുറ്റുമുള്ള വേദിയിൽ ബംഗീ ജമ്പിംഗ്, സിപ്പ് ലൈൻ, ഗോ-കാർട്ട് തുടങ്ങിയവയുമുണ്ട്. വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള ഫുഡ് കോർട്ട്, അഡ്വഞ്ചർ പാർക്ക്, ജംഗിൾ കഫേ തുടങ്ങിയവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ.