സ്വർണക്കടത്ത് കേസ്; സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന കപിൽ സിബലിന് ഫീസായി നൽകുന്നത് 15.5 ലക്ഷം രൂപ

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഫീസായി നൽകുന്നത് 15.5 ലക്ഷം രൂപ. കപിൽ സിബൽ ഓരോ തവണ ഹാജരാകുമ്പോഴും നൽകുന്ന ഫീസാണിത്.

കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ട്രാൻസ്ഫർ ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്നത് കപിൽ സിബലാണ്. ഒക്ടോബർ പത്തിന് എൻഫോഴ്‌സ്‌മെന്റ് ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതിയിൽ ഹാജരായതിന് കപിൽ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്ഥാന നിയമസെക്രട്ടറി വി ഹരി നായരാണ് ഉത്തരവ് പുറത്തിറക്കിയത്.

1978 ലെ കെജിഎൽഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നൽകാനുള്ള ഉത്തരവ് സംസ്ഥാന നിയമ സെക്രട്ടറി പുറത്തിറക്കിയത്. ഈ തുക സിബലിന് കൈമാറാനുള്ള തുടർ നടപടികൾ സ്വീകരിക്കണമെന്നാണ് അഡ്വക്കേറ്റ് ജനറലിന് നൽകിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളത്.