ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ട്; കങ്കണാ റണാവത്ത്

ന്യൂഡൽഹി: രാഷ്ട്രീയ പ്രവേശനമുണ്ടാകുന്ന സൂചനകൾ നൽകി ബോളിവുഡ് നടി കങ്കണാ റണാവത്ത്. 2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹമുണ്ടെന്ന് കങ്കണാ റണാവത്ത് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടാണ് കങ്കണ ഇക്കാര്യം തുറന്നു പറഞ്ഞത്. 2024 ലെ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് തന്റെ ആഗ്രഹം. ജനം ആഗ്രഹിക്കുകയും ബിജെപി ടിക്കറ്റ് നൽകുകയും ചെയ്താൽ മത്സരിക്കുമെന്നും കങ്കണ അറിയിച്ചു.

ഹിമാചൽ പ്രദേശിലെ ആളുകൾ അവരെ സേവിക്കാൻ തനിക്ക് അവസരം നൽകിയാൽ മികച്ചതായിരിക്കും. അവരുടെ ഉന്നമനത്തിനായി താൻ പ്രവർത്തിക്കും. ആം ആദ്മി പാർട്ടിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ഹിമാചൽ പ്രദേശിലെ ജനം വീഴില്ല. ഹിമാചലിലെ ജനങ്ങൾക്ക് സൗരോർജ്ജമുണ്ടെന്നും ആളുകൾ അവർക്കുവേണ്ട പച്ചക്കറികൾ സ്വയം വിളയിക്കുന്നവരാണെന്നും എഎപിക്ക് സൗജന്യ വാഗ്ദാനങ്ങൾ വിലപ്പോവില്ലെന്നും കങ്കണ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയും കങ്കണ സംസാരിച്ചു. മോദി രാജ്യത്തിന്റെ മഹാപുരുഷനാണ്. 2024ൽ മോദിയും രാഹുൽ ഗാന്ധിയുമായിരിക്കും മത്സരം. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നും കങ്കണ ചൂണ്ടിക്കാട്ടി.