കോഴിക്കോട്: പിവിആർ നാച്വറൽ റിസോർട്ടിൽ നിർമ്മിച്ച നാല് തടയണകളും ഉടൻ പൊളിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ഉടമകൾ തടയണ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് നീക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചു നീക്കുന്ന പക്ഷം അതിനായി ചെലവായ തുക റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും കോടതി വ്യക്തമാക്കി.
തടയണകൾ പൊളിച്ചു നീക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവച്ചു കൊണ്ടാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തടയണ പൊളിക്കാൻ കളക്ടർ ഉത്തരവിട്ടതിന് പിറകെ റിസോർട്ട് പിവി അൻവർ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപ്പന നടത്തിയിരുന്നു.
തടയണ പൊളിച്ചാൽ വഴി തടസ്സപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഷെഫീഖ് പിന്നീട് ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി. ഈ സ്റ്റേ നീക്കിയാണ് തടയണ പൊളിക്കാൻ കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്.

