പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ നടപടി എടുക്കാത്ത മേലുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി കോടതി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ നടപടി എടുക്കാത്ത മേലുദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. ഇത്തരം മേലുദ്യോഗസ്ഥരും ഇതിന് ഉത്തരവാദികളാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട മേലുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസുകാർക്ക് പെരുമാറ്റച്ചട്ടം നിശ്ചയിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിയാൽ മാത്രം മതിയാവില്ല. ഓരോ ഉദ്യോസ്ഥനും ഈ ഉത്തരവ് അനുസരിക്കുകയും വേണമെന്നും കോടതി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സമർപ്പിച്ച റിപ്പോർട്ടിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പൊതുജനങ്ങളോട് ഇടപഴകുന്നത് സംബന്ധിച്ച് പോലീസ് മേധാവിയിൽ നിന്നും മാർഗനിർദേശം ഇറങ്ങിയ ശേഷം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റുമുണ്ടാകുന്ന നിലയുണ്ടായെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.