ന്യൂഡല്ഹി: ക്രിമിനല് കേസുകളില് കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടതില്ലെന്ന കാരണത്താല് പ്രതിക്ക് മുന്കൂര് ജാമ്യം നല്കുന്നതിന് ഹൈക്കോടതികള്ക്കെതിരെ രൂക്ഷ വിമര്ശനവുമായി സുപ്രീംകോടതി. വയനാട്ടിലെ പോക്സോ കേസ് പ്രതിക്ക് മുന്കൂര് ജാമ്യം നല്കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വ്യക്തമാക്കല്.
കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന് നിലപാടെടുത്താല് ഉടന് മുന്കൂര് ജാമ്യം നല്കുന്ന പ്രവണത പ്രകടമാണെന്നും പല ജാമ്യ കേസുകളിലും ഇത്തരം സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടതില്ലെന്നതിന്റെ പേരില് മാത്രം മുന്കൂര് ജാമ്യം നല്കേണ്ടതില്ലെന്നത് തെറ്റായ ധാരണയാണെന്നും സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി പര്ദിവാലയും ചൂണ്ടിക്കാട്ടി.
അതേസമയം, പ്രഥമദൃഷ്ട്യാ കേസ് ഉണ്ടോ എന്നതാണ് പ്രധാനമായും കോടതികള് പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും പരമാവധി ശിക്ഷയും കണക്കിലെടുക്കണം. മുന്കൂര് ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളില് ഒന്നു മാത്രമാണ് കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടതുണ്ടെന്നതെന്നും സുപ്രീംകോടതി പറഞ്ഞു.

