കോയമ്പത്തൂർ: കോയമ്പത്തൂരിലുണ്ടായ കാർ ബോംബ് സ്ഫോടനത്തെ കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്. കാർ ബോംബ് സ്ഫോടനം ചാവേർ ആക്രമണമെന്ന് വ്യക്തമാക്കുന്ന കൂടുതൽ സൂചനകൾ പുറത്തു വന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബിൻ ചാവേർ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സ്ഫോടനത്തിൽ മരിച്ച മുബിൻ സ്ഫോടനത്തിന് മുൻപ് വാട്സ്ആപ്പിൽ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് മരണത്തെക്കുറിച്ചുള്ളതായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തന്റെ മരണ വാർത്ത അറിയുമ്പോൾ ക്ഷമിക്കൂവെന്നും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രാർത്ഥിക്കൂവെന്നുമായിരുന്നു ഇയാൾ പോസ്റ്റ് ചെയ്തിരുന്നത്.
കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യവും ഇയാളുടെ മൃതദേഹത്തിൽ കണ്ടെത്തിയിരുന്നു. 13 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിട്ടുള്ളത്. അതേസമയം, ഇയാളുടെ വീട്ടിൽ നിന്നും കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, പ്രധാന സർക്കാർ ഓഫീസുകൾ തുടങ്ങിയവയുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ചെന്നൈയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ചീഫ് സെക്രട്ടറി ഇരൈ അൻപ്, ഡിജിപി ശൈലേന്ദ്രബാബു, ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഇന്റലിജൻസ് മേധാവി ഡേവിഡ്സൺ ദേവാശിർവാദം മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
അതേസമയം, കരുമ്പുക്കട, സുന്ദരപുരം, ഗൗണ്ടംപാളയം എന്നിവിടങ്ങളിൽ ഉടൻ പുതിയ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ദൗത്യസേന രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. സംസ്ഥാനത്തെ ജനസാന്ദ്രത കൂടിയ നഗരങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

