നയങ്ങള്‍ പാലിച്ചില്ല; ഗൂഗിളിന് വീണ്ടും പിഴ

നയങ്ങള്‍ പാലിക്കാതെ പ്ലേ സ്റ്റോറില്‍ കമ്ബനിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തിയതിന് ഗൂഗിളിന് വീണ്ടും വന്‍ തുക പിഴയിട്ട് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. 936.44 കോടി രൂപയാണ് പിഴയിട്ടത്. വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി. ഇക്കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും സിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെയിലെ രണ്ടാമത്തെ നടപടിയാണിത്. കഴിഞ്ഞ ആഴ്ച ആന്‍ഡ്രോയ്ഡ് അധിഷ്ടിതമായ ഫോണുകളെ വാണിജ്യ താല്‍പര്യമനുസരിച്ച് ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. 1,337.76 കോടി രൂപയായിരുന്നു പിഴയായി ചുമത്തിയത്.

അന്ന് ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ നിര്‍മിക്കുന്ന കമ്ബനികള്‍ക്ക് ഇളവുകള്‍ നല്‍കരുതെന്നും സിസിഐ നിര്‍ദേശം നല്‍കിയിരുന്നു.ഗൂഗിളിന്റെ ക്രമകേടുകള്‍ സംബന്ധിച്ച് 2019-ലാണ് സിസിഐയ്ക്ക് പരാതി ലഭിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ നിര്‍മാണ വേളയില്‍ തന്നെ തങ്ങളുടെ സെര്‍ച്ച് എന്‍ജിന്‍ ഡീഫോള്‍ട്ട് ആക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ലൈസന്‍സിംഗ് വ്യവസ്ഥയിലെ ഏകാധിപത്യവും സ്വന്തം ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കിയതുമാണ് പിഴ ചുമത്താന്‍ കാരണമായത്.