ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണറുടെ ഒരു രോമത്തിൽ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ പിരിച്ച് വിടാൻ കേന്ദ്രം തയ്യാറാകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് ഗവർണർ പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തൻമാരായ കമ്യൂണിസ്റ്റുകാർ മനസ്സിലാക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം, കേരളത്തിലെ എൽഡിഎഫ് സർക്കാർ ഗവർണർക്കെതിരെ പ്രതിഷേധം കനപ്പിക്കുകയാണ്.
ഗവർണർ നടത്തുന്നത് ആർ എസ് എസ് കുഴലൂത്താണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമനുസരിച്ചാണ് ഗവർണർ ചാൻസിലായതെന്നും കേരള സർവകലാശാല വൈസ് ചാൻസിലറുടെ നിയമനവും അതേ നിയമം വഴിയാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസിലറുടെ നിയമനം ശരിയല്ലെങ്കിൽ ചാൻസിലർ നിയമനവും ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു. സർവകലാശാല വിസിമാർക്കെതിരായ നടപടികളിൽ ഗവർണർക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

