പ്രിയാ വർഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തിൽ; യുജിസി നിലപാട് തള്ളി കണ്ണൂർ സർവകലാശാല

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുജിസി നിലപാട് തള്ളി സർവകലാശാല. പ്രിയാ വർഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്ന് സർവ്വകലാശാല അറിയിച്ചു. അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ പ്രിയയ്ക്കുണ്ടെന്നും സർവ്വകലാശാല രജിസ്ട്രാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു

പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി അപക്വമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജി തള്ളണമെന്നും റാങ്ക് ലിസ്റ്റ് പ്രകാരം നിയമന നടപടികൾ ആയിട്ടില്ലെന്നും സർവ്വകലാശാല ചൂണ്ടിക്കാട്ടി. പ്രിയ വർഗീസിന്റെ നിയമനത്തിൽ നിയമ ലംഘനം നടന്നിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, പ്രിയ വർഗീസ് നടത്തിയ ഗവേഷണ കാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ചട്ടപ്രകാരം യോഗ്യതയില്ലെന്നും യുജിസി കോടതിയെ അറിയിച്ചിരുന്നു. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രോഫസർ ആക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്ത് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്‌കറിയയാണ് ഹർജി സമർപ്പിച്ചത്.