ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്ക് സൗജന്യ ഭക്ഷണം പിന്‍വലിച്ച് ആഭ്യന്തര വകുപ്പ്; അതൃപ്തി ശക്തമാവുന്നു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്ക് വര്‍ഷങ്ങളായി നല്‍കിവന്നിരുന്ന സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തര വകുപ്പ്. ഇതോടെ സേനയില്‍ അതൃപ്തി ശക്തമാവുകയാണ്. പൊലീസുകാരുടെ പ്രതിദിന അലവന്‍സിന്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഭക്ഷണത്തിനുള്ള ഇളവ് ആദ്യമായി അനുവദിച്ചത്. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇത് പൂര്‍ണമായും സൗജന്യമാക്കിയിരുന്നു. പൊലീസുകാരുടെ ഭക്ഷണത്തിനുള്ള മുഴുവന്‍ തുകയും സര്‍ക്കാരാണ് നല്‍കിയിരുന്നത്.

അതേസമയം, ഇനിമുതല്‍ സൗജന്യ ഭക്ഷണം നല്‍കാനാവില്ലെന്നും ശബരിമലയില്‍ ഡ്യൂട്ടിയുള്ള എല്ലാ പൊലീസുകാരും ചേര്‍ന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നുമാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. പൊലീസുകാര്‍ക്ക് ദിവസേന നല്‍കുന്ന അലവന്‍സില്‍ നിന്ന് നൂറ് രൂപ ഈടാക്കണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.