നാശം വിതച്ച് ‘സിട്രാങ്’; ആയിരത്തിലധികം പേര്‍ ദുരിതത്തില്‍

ധാക്ക: അസമില്‍ സിട്രാങ് ചുഴലിക്കാറ്റിനാല്‍ ആയിരത്തിലധികം ജനങ്ങളാണ് ദുരിതത്തിലകപ്പെട്ടിരിക്കുന്നത്. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകരുകയും 325 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. മതിലുകളും മരങ്ങളും തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു.

അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ കോക്സ് ബസാര്‍ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെയും കന്നുകാലികളെയും ഒഴിപ്പിക്കുകയും ഷെല്‍ട്ടറുകളിലേക്ക് മാറ്റുകയും ചെയ്തതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിന് സജ്ജീകരിച്ചിട്ടുണ്ടെന്ന് കോക്സ് ബസാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മാമുനൂര്‍ റഷീദ് പറഞ്ഞു. മെഡിക്കല്‍ ടീമുകള്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗല്‍കോട്ട്, ഭോലയിലെ ചാര്‍ഫെസണ്‍, നാരയിലിലെ ലോഹഗര എന്നിവിടങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് രൂപപ്പെട്ട സിട്രാങ്് ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ 28 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.