വിസിമാർ മാറിനിൽക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്; ഗവർണറോടുള്ള നിലപാടിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിസിമാർ മാറിനിൽക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറോടുള്ള നിലപാടിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികളുമായി ആലോചിച്ച് എടുത്ത നിലപാടാണിതെന്നും അദ്ദേഹം വിശദമാക്കി.

കേരളത്തിലെ പ്രതിപക്ഷം ബി.ജെ.പി തന്ത്രത്തിലും വീഴില്ല, പിണറായി വിജയന്റെ തന്ത്രത്തിലും വീഴില്ല. ഇത് രണ്ടും ഒന്നാണ്. സർവകലാശാലകളിൽ യുജിസി മാനദണ്ഡങ്ങൾ മറികടന്ന് ചട്ടപ്രകാരമല്ലാതെയാണ് വി.സി. നിയമനങ്ങൾ നടന്നത്. ഇക്കാര്യം ആദ്യം പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്. പ്രതിപക്ഷ നിലപാട് ശരി വയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. വി സിമാർക്ക് തുടരാൻ അർഹതയില്ലെന്ന് സുപ്രീം കോടതി പറയുമ്പോൾ അവർ ഒഴിയണമെന്ന് പ്രതിപക്ഷം പറയുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംഘപരിവാർ ബന്ധമുള്ളവരെ സർവകലാശാലാ വൈസ് ചാൻസലർമാരാക്കാൻ ഗവർണർ ശ്രമിച്ചാൽ അതിനെ ആദ്യം എതിർക്കുന്നത് യുഡിഎഫ് ആയിരിക്കും. യുഡിഎഫ് നേതാക്കളോട് ആശയവിനിമയം നടത്തിയിട്ടാണ് നിലപാടു പറഞ്ഞത്. ബിജെപിയുടെയോ പിണറായിയുടെയോ തന്ത്രത്തിൽ വീഴില്ല. സുപ്രീം കോടതി വിധിയാണ് പ്രതിപക്ഷം ഉയർത്തിപ്പിടിക്കുന്നത്. ഗവർണർ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാർ രാജിവയ്ക്കണമെന്നതല്ല സ്വാഗതം ചെയ്തത്. ഗവർണറുടെ നടപടികളോടു പ്രതിപക്ഷത്തിനു യോജിപ്പില്ല. സുപ്രീം കോടതി വിധിപ്രകാരം വിസിമാർക്കു തുടരാനാകില്ല. വിധി എല്ലാ വിസി നിയമനങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗവർണറെ പിന്തുണക്കില്ലെന്ന് ലീഗ് ആവർത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.