ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയക്ക് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

പെര്‍ത്ത്: സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 7 വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ. 17 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ മാര്‍ക്കസ് സ്റ്റോയിന്‍സാണ് ഓസീസിന് മികച്ച ജയം സമ്മാനിച്ചത്. ശ്രീലങ്കയുടെ 6 ന് 157 എന്ന മോശമല്ലാത്ത സ്‌കോര്‍ 17-ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ അനായാസമാണ് ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നത്.

തുടക്കത്തില്‍ 11 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 18 റണ്‍സില്‍ മിച്ചല്‍ മാര്‍ഷും പുറത്തായ ശേഷമാണ് ഓസീസ് മധ്യനിര കത്തിക്കയറിയത്. നായകന്‍ ആരോണ്‍ ഫിഞ്ച് ഒരറ്റത്ത് 42 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ മാക്സ്വെല്‍(23) സ്‌കോര്‍ 89ല്‍ വീണശേഷം എത്തിയ മാര്‍ക്കസ് സ്റ്റോയിന്‍സ് ശ്രീലങ്കന്‍ ബൗളിംഗിനെ നിര്‍ദാക്ഷിണ്യമാണ് തച്ചുതകര്‍ത്തത്. ആറു സിക്സറും 4 ഫോറുമടക്കമാണ് 18 പന്തുകളില്‍ 59 റണ്‍സുമായി ഓസീസ് പ്രതീക്ഷിച്ചതിലും മുന്നേ വിജയം പിടിച്ചെടുത്ത്.

ശ്രീലങ്കയ്ക്കായി ധനഞ്ജയ ഡിസില്‍വ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ എന്നിവര്‍ക്കാണ് ഒരോ വിക്കറ്റ് ലഭിച്ചത്. ആദ്യം ബാറ്റിംഗിന് അയക്കപ്പെട്ട ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍ പാതും നിസ്സാങ്ക(40), ധനഞ്ജയ ഡി സില്‍വ(26), ചാരുത അസാലങ്ക(38 നോട്ടൗട്ട്) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്