തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നവംബര്‍ 15 ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഇന്ന് എകെജി സെന്ററില്‍ രാവിലെ 11.30ന് ചേര്‍ന്ന ഇടതു മുന്നണി നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. പ്രതിഷേധ പരിപാടികള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തും.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമായത്. ഗവര്‍ണറുടെ സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങള്‍ക്ക് തടയിടാന്‍ പരസ്യപ്രചരണത്തിന് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു.
അതേസമയം, മുന്നണിയുടെ നേതൃത്വത്തില്‍ യോജിച്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് ഇന്ന് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. സര്‍വകലാശാല വിസിമാരുടെ നിയമനം, മന്ത്രിമാര്‍ക്കും സര്‍ക്കാരിനുമെതിരായ തുറന്ന വിമര്‍ശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

