നെഹ്രുകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കി കേന്ദ്രം

ന്യൂഡല്‍ഹി: നെഹ്രുകുടുംബം നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. വിദേശ നാണ്യവിനിമയ ചട്ടപ്രകാരമാണ് നടപടി. എന്നാല്‍, വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

1991 മുതല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രസ്റ്റുകളും വിദേശ സഹായം സ്വീകരിച്ചതില്‍ വിദേശ നാണ്യവിനിമയ ചട്ടലംഘനമുണ്ടെന്ന മന്ത്രിതല സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രനടപടി. 2020-ല്‍ രൂപീകരിച്ച സമിതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലായിരുന്നു പ്രധാനമായും ട്രസ്റ്റിന്റെ പ്രവര്‍ത്തനം. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി നിഷേധിച്ചതിനൊപ്പം ട്രസ്റ്റുകളില്‍ എന്ത് ക്രമക്കേടാണ് ഉണ്ടായതെന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം വരാനും സാധ്യതയുണ്ട്.