ഗവർണറും സർക്കാറും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടത്; മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്. ഗവർണറും സർക്കാറും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ചാൻസലർ എന്ന നിലയ്ക്ക് ഗവർണർ സ്വീകരിച്ച നടപടി കോടതിയിൽ പരിശോധിക്കപ്പെടും എന്നായിരുന്നു താൻ പറഞ്ഞത്. ഗവർണറുടെ നടപടി സർക്കാർ പരിശോധിക്കും എന്നല്ല പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. കോടതിയിൽ പോകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു താൻ മറുപടി നൽകിയത്. ഗവർണറുടെ തെറ്റിദ്ധാരണ മലയാളം മനസിലാകാത്തതിനാലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രിമാർ പരിധി ലംഘിക്കരുതെന്നും മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയിലെ പുസ്തക പ്രകാശന വേദിയിലായിരുന്നു മന്ത്രിമാർക്കുനേരെ ഗവർണർ ഭീഷണി ഉയർത്തിയത്. തന്റെ നടപടികൾ വിലയിരുത്താൻ നിയമമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ഗവർണർ ചോദിച്ചിരുന്നു.