72 ഉപഗ്രഹങ്ങളുടെ വിക്ഷേപണം; ഇസ്രോയ്ക്ക് ലഭിക്കുന്നത് 2000 കോടി രൂപ

ശ്രീഹരിക്കോട്ട: ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് വേണ്ടി തയ്യാറാക്കിയ 72 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയ്ക്ക് ലഭിക്കുന്നത് 2000 കോടി രൂപ. വൺ വെബ്ബ് ആണ് ഇസ്രോയ്ക്ക് 2000 കോടി നൽകുന്നത്. 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂടെൽസാറ്റ് കമ്മ്യൂണിക്കേഷൻസും വൺ വെബ്ബും തമ്മിലുള്ള ലയനം പൂർത്തിയാകുമെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യൂടെൽസാറ്റ് പൂർണമായും വൺവെബിന്റെ സഹ-സ്ഥാപനമായി മാറുമെന്നും ഉദ്യോഗസ്ഥർ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിൽ 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് 1000 കോടി രൂപ ഇസ്രോയ്ക്ക് നൽകുമെന്ന് വൺവെബ്ബ് ചെയർമാൻ സുനിൽ മിത്തൽ ഭാരതി നേരത്തെ പറഞ്ഞിരുന്നു. ജനുവരിയിൽ നടക്കുന്ന മറ്റൊരു വിക്ഷേപണത്തിലും 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. 648 ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കാനാണ് വൺവെബിന്റെ ലക്ഷ്യം. ലോക വ്യാപകമായി ബ്രോഡ്ബാന്റ് സേവനം എത്തിക്കാനും പദ്ധതിയിടുന്നുണ്ട്.

ഇസ്രോ വിക്ഷേപിക്കുന്നത് വൺവെബ്ബിന്റെ പത്ത് ശതമാനം ഉപഗ്രഹങ്ങളാണ്. 2000 കോടി രൂപയാണ് ഇതിന് നൽകേണ്ടതെന്ന് ഭാരതി ഗ്ലോബൽ എംഡി ശ്രാവൺ മിത്തൽ പറഞ്ഞു.