തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നിർണായക വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമെതിരെയുള്ള തെളിവ് തന്റെ കൈയിലുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നും സ്വപന വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്നയുടെ പ്രതികരണം.
കേസുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, അത് കേസിനെ ബാധിക്കുമെന്നതിനാലാണ് തെളിവുകൾ പൊതുജനസമക്ഷത്തിൽ അവതരിപ്പിക്കാത്തതിന് കാരണം. ‘ചതിയുടെ പത്മവ്യൂഹം’ എന്ന തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം വരുമെന്നും സ്വപ്ന പറഞ്ഞു. അതിൽ ഒരു ന്യൂക്ലിയർ ബോംബുണ്ടാകുമെന്ന സൂചനയും സ്വപ്ന നൽകിയിട്ടുണ്ട്.
കേരളത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും സ്വപ്ന സംസാരിച്ചു. അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് പല ബിസിനസുകളും കൊണ്ടുവരണമെന്ന പദ്ധതിയുമായി മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കർ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് താനും പല കാര്യങ്ങളിലും ഇടപെട്ടത്. പക്ഷേ കേരളത്തിലേക്ക് ഒന്നും വരാൻ പോകുന്നില്ല. ഇവിടെ എന്താണ് വികസനമെന്നും സ്വപ്ന ചോദിക്കുന്നു.

