രാജ്യത്തെ യുവജനങ്ങളോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ് ‘തൊഴില്‍ മേള’: വി. മുരളീധരന്‍

രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും പൗര ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ് ‘തൊഴില്‍ മേള’ വ്യക്തമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘തൊഴില്‍ മേള’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കേന്ദ്ര ഗവണ്മെന്റ് റിക്രൂട്ട്മെന്റ് നടപടികള്‍ വേഗത്തിലാക്കി. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. സംസ്ഥാനത്ത് സ്‌കില്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ 1.5 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു കഴിഞ്ഞു. റെയില്‍വേ നവീകരണത്തിലും റെയില്‍വേ വികസനത്തിലും കേന്ദ്രം വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രഗവണ്മെന്റിന്റെ ശ്രമഫലമായി കഴിഞ്ഞ 8 വര്‍ഷത്തിനിടെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 75,000 ആയി ഉയര്‍ന്നു’- വി. മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം, 10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പുതുതായി നിയമിതരായവര്‍ക്കുള്ള നിയമന കത്തും മന്ത്രി വി മുരളീധരന്‍ വിതരണം ചെയ്തു.