തിരുവനന്തപുരം: വൈസ് ചാന്സലര് നിയമനകാര്യത്തില് ആര്ക്കാണ് അര്ഹതയെന്നും ആര്ക്കാണ് അര്ഹതയില്ലാത്തതെന്നും സുപ്രീംകോടതി വ്യക്തമാക്കിയതായി കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വി.സിയുടെ നിയമനം നടത്താന് പാര്ട്ടിക്കാരെയാണ് പ്രൈവറ്റ് സ്റ്റാഫായി നിയമിക്കുന്നത്. എന്റെ പ്രവൃത്തികള് വിലയിരുത്താന് നിയമമന്ത്രിയ്ക്ക് അധികാരമില്ല. ഗവര്ണറുടെ നടപടികളെ വിശകലനം ചെയ്യാനാണോ മന്ത്രി തുനിയുന്നത്? മന്ത്രിമാരുടെ നടപടികള് വിലയിരുത്താനാണ് എന്നെ നിയമിച്ചിരിക്കുന്നത്. മന്ത്രിമാരെ നിയമിക്കുന്നത് ഞാനാണ്. കോടതിയ്ക്ക് എന്റെ പ്രവര്ത്തനങ്ങളെ വിലയിരുത്താം. ഒരു മന്ത്രിയ്ക്ക് അത് സാധ്യമല്ല. ഖജനാവില് നിന്ന് പ്രതിഫലം പറ്റുന്ന മുഴുവന് സമയ പാര്ട്ടി പ്രവര്ത്തകരാണ് മന്ത്രിമാര്. ഖജനാവിലുള്ള ജനങ്ങളുടെ പണമാണ് പാര്ട്ടി പ്രവര്ത്തനത്തിനായി മന്ത്രിമാര്ക്ക് നല്കുന്നത്. അത് തടയാനുള്ള അധികാരം തനിക്കില്ലേ?’- ഗവര്ണര് ചോദിച്ചു.

